Sunday, October 3, 2021

Valuation yathra

 ഒരു valuation യാത്ര...


Valuation duty ക്ക് മടിച്ചു മടിച്ചാണ് പോയത്.. കൊറോണ കാലം... Lock down.. ബസ് ഇല്ല.. മിക്കവാറും അദ്ധ്യാപകരും സ്വന്തം വാഹനങ്ങളോ  വാടകക്ക് വണ്ടികളോ തരപ്പെടുത്തിയാണ് യാത്ര..ഞങ്ങൾ 4ഗവണ്മെന്റ് സ്കൂൾ teachers വത്സല ടീച്ചർ, സുഷ ടീച്ചർ, സ്വപ്ന ടീച്ചർ പിന്നെ ഞാനും വത്സല ടീച്ചർടെ വണ്ടിയിൽ ആണ് യാത്ര... ആദ്യ ദിവസം സുഷ ടീച്ചറേ മാത്രമേ പരിചയമുള്ളൂ .. ആദ്യ യാത്രയിൽ തന്നെ മറ്റു രണ്ട് പേരുമായി  company ആയി... സ്വപ്ന പറഞ്ഞ

പോലെ എന്റെ വിഷയം physics ആണെങ്കിലും ഞങ്ങൾ തമ്മിൽ ഒരു chemistry ഉടലെടുക്കാൻ ഒട്ടും വൈകിയില്ല ❤️❤️ഫിസിക്സ്‌ ഉം ഹിന്ദിയും സോഷ്യൽ സയൻസ് ഉം തമ്മിലുള്ള ഒരു chemistry 😍😍


വണ്ടിയിൽ കയറിയാൽ വായിട്ടു അലക്കരുത്.. മിണ്ടാതിരിക്കണം കൊറോണ എന്നൊക്കെ വീട്ടിൽ നിന്ന് പറഞ്ഞു വിട്ടതൊക്കേ വണ്ടി കാണുമ്പോളെ ഞാൻ മറക്കും.. സ്വപ്നയുടെ നിറഞ്ഞ ചിരി... Drive ചെയ്യുന്ന വത്സല ടീച്ചർക്കു ഒരു സഹായി ആയി ഇരിക്കുന്ന സ്വപ്ന ഒരു അര ഡ്രൈവർ ആണ് എന്ന് പറഞ്ഞപ്പോൾ  അല്ല കിളി ആണ് എന്ന് സ്വപ്ന..

മുഴുവൻ ശ്രദ്ധയും driving ഇൽ ഉണ്ടെങ്കിലും ഞങ്ങളുടെ ചർച്ചകൾ ഒക്കെ അതേ ശ്രദ്ധയിൽ കേൾക്കുന്ന വത്സല ടീച്ചർ.. എല്ലാത്തിനും മേ മ്പൊടിയായി  എന്തെങ്കിലും പറയുന്ന സുഷ ടീച്ചർ..

യാത്രക്കിടയിൽ കേരള വർമ college കാലവും ഉദയ രാഗമായി ഉദയ പ്രകാശ് മാറിയ കഥ കളും ഒക്കെ സ്വപ്ന പങ്കുവച്ചു..ഇപ്പോളും  'ഉദയനാണ് താരം 'എന്ന് ഈ ദിവസങ്ങളിൽ ഞങ്ങൾ മനസിലാക്കി..

പഴയ കാലത്ത് സിനിമ കഥകൾ പറഞ്ഞു തരുന്ന സുഹൃത്തുക്കൾ.. എത്ര നന്നായാണ് ചിലർ കഥ പറഞ്ഞിരുന്നത്.. റോജ  സിനിമ കഥ പറഞ്ഞ സുഹൃത്ത്‌  റോജയുടെ ദേഹത്ത് വീണ ഒരു വെള്ളത്തുള്ളിയെ എത്ര മനോഹരമായാണ് എന്റെ മനസ്സിൽ പറ്റിച്ചു വച്ചത് എന്നോകെയുള്ള college പുരാണങ്ങൾ  ഞാനും..

Corona കാരണം വേറെങ്ങും കറങ്ങാൻ പറ്റാത്തത് കൊണ്ട് girls സ്കൂളിലേ കടമ്പ് മരം പൂത്തത് കാണാൻ പോയി ആശ തീർത്തു..കൃഷ്ണനും രാധയും തമ്മിൽ കടമ്പ് മരത്തിനടിയിൽ  കണ്ടു മുട്ടാറുള്ളത് ഓർത്തിട്ടോ അതോ ഗോപിക മാരുടെ വസ്ത്രങ്ങളുമായി കൃഷ്ണൻ കടമ്പ് മരത്തിൽ കയറിയ കഥകൾ ഓർത്തിട്ടോ മനസ് ഒന്ന് കുളിർത്തു..❤️❤️


മടിച്ചു മടിച്ചു വന്നെങ്കിലും valuation നാളെ തീരുകയായി.. വീണ്ടും കണ്ടുമുട്ടാമെന്ന  പ്രതീക്ഷയിൽ ഞങ്ങൾ പിരിയുകയായി. സ്വപ്ന യുടെ കോൺക്ല്യൂഷൻ ടീച്ചറുടെ  വിഷയം physics അല്ല ടീച്ചർ ഞങ്ങളുടെ സോഷ്യൽ(ഫിസിക്സ്‌ കാർ ഇങ്ങനെ മിണ്ടില്ല അത്രെ) ആണെന്ന്.. 😍😍😍

Thursday, October 29, 2020

പിറന്നാൾ....

 വീണ്ടും ചലിക്കുന്ന ചക്രം... ഒരു പിറന്നാൾ ഓർമ... 

നാളെ എന്റെ പിറന്നാൾ.. ഈ പിറന്നാളിന് ഒരു പ്രത്യേകത ഉണ്ട്‌ അമ്മച്ചിയില്ലാത്ത ആദ്യ പിറന്നാൾ.... പിറന്നാളുകൾ ചെറുപ്പം മുതൽ തന്നെ വലിയ ആഘോഷം ഇല്ല.കല്യാണം കഴിഞ്ഞു പോന്നതിൽ പിന്നെ പിറന്നാൾ ദിവസത്തിൽ  രാവിലേ അമ്മച്ചിയുടെ ഫോൺ വരും.. ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ.. എന്റെ മോളുടെ പിറന്നാൾ ആണ്..മുഖ പുസ്തകമോ  മൊബൈൽ റിമൈൻഡർ ഇല്ലാതെ എന്റെ പിറന്നാൾ ഓർത്തിരിക്കാറുള്ള ആൾ.(ഹൃദയത്തിൽ  റിമൈൻഡർ ഉള്ള ആൾ ). ചില വർഷങ്ങളിൽ മക്കൾ fbyil കാണുമ്പോഴാണ് ഓർക്കാറുള്ളത്..അപ്പോൾ അവരോടു പറയാറുണ്ട് മറക്കാത്ത ഒരാളെ ഉള്ളൂ.. എന്റെ അമ്മച്ചി....


    എല്ലാ  പിറന്നാൾ ദിനങ്ങളിലും  സ്കൂളിൽ പഠിക്കുമ്പോൾ ഒരു പിറന്നാൾ ദിനത്തിൽ ഉണ്ടായ സംഭവം ഓർമ വരും.. ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.. പിറന്നാൾ ആയിരുന്നു അന്ന്.. അമ്മയുടെ വീടിനടുത്തുള്ള സ്കൂളിൽ ആണ് പഠിച്ചിരുന്നത്... അന്ന് midtterm exam ആയിരുന്നു.. തലേന്ന് അമ്മയുടെ ചേച്ചി ബോംബയിൽ നിന്ന് എത്തിയിരിക്കുന്നത് കൊണ്ട് ഞാനും അമ്മയുടെ വീട്ടിൽ നിന്നു.. midterm exam അത്ര കനപ്പെട്ട കാര്യമായി തോന്നിയില്ല..... രാത്രി എല്ലാരും കൂടി സെക്കന്റ്‌ show  സിനിമക്കു പോകാം എന്ന് bombay team.. അന്നൊക്കെ നാട്ടിൽ വരുമ്പോളാണ് അവർക്കു മലയാളം സിനിമ  കാണാൻ പറ്റുക. . "വീണ്ടും ചലിക്കുന്ന ചക്രം "ആയിരുന്നു  സിനിമ..സുഹാസിനിയെ കാണാനുള്ള ആഗ്രഹം midterm exam നെ പിന്തള്ളി.. ഞാനും പോയി സിനിമക്ക്..  വേറെ പല  കുട്ടികളും സിനിമക്കു വന്നിരുന്നു.  theatre സ്കൂളിന് അടുത്ത്..

  പിറ്റേന്ന് mid term exam ഒക്കെ പുഷ്പം പോലെ എഴുതി... evening ഒരു assembly ഉണ്ടായിരുന്നു.. ഹെഡ്മിസ്ട്രസ് sister ജോവിറ്റ ഒരു പുലിയാണ്.. നാട്ടുകാർക്ക് പ്രിയങ്കരി.. assembly യിൽ ഒരു അന്നൗൺസ്‌മെന്റ്.. ഇന്ന്‌ midterm  exam ഉണ്ടായിട്ടും ഇന്നലെ കുറെ കുട്ടികൾ സിനിമ കാണാൻ ചെന്നു അത്രേ.. theatre ഉടമ സിസ്റ്ററെ അറിയിച്ചു അത്രേ (അയാളെ എന്ത് ചെയ്യണം 😄... )സിനിമക്കു പോയവരെ സ്റ്റേജിലേക്ക് കയറ്റി നിർത്തി ആദരിച്ചു..നിങ്ങൾക്ക് പരീക്ഷ പേപ്പർ കിട്ടുമ്പോൾ mark ഹെഡ്മിസ്ട്രസ്സിനെ കാണിക്കണം എന്ന വ്യവസ്ഥയിൽ ആദരവ് മതിയാക്കി ഞങ്ങളെ  താഴെ ഇറക്കി.....assembly യിൽ എല്ലാ കുട്ടികളുടെയും മുൻപിൽ  വച്ചു ആദരിക്കപ്പെട്ട  ഞാൻ ഭയങ്കര  കരച്ചിൽ ആയി... എന്റെ കരച്ചിൽ കണ്ടു അമ്മാവന്റെ മോൾ അതേ സ്കൂളിൽ പഠിക്കുന്നുണ്ട്.. അവളും കരച്ചിൽ....... അങ്ങനെ കരഞ്ഞു കലങ്ങിയ ഒരു പിറന്നാൾ ദിനം... 


 പിറന്നാളുകൾ വീണ്ടും എത്ര കഴിഞ്ഞു പോയി.. "age is just a number" എന്ന് പറഞ്ഞു പ്രായത്തെ തോൽപിക്കാൻ ശ്രമിക്കുന്ന ഈ നാല്പതുകളിൽ വീണ്ടും ഒരു പിറന്നാൾ  .വീണ്ടും ചലിക്കുന്ന ചക്രമായി  ........ഞാനും..

Saturday, July 25, 2020

തായ്‌ലൻഡ്  യാത്ര ..ഒരു ഓർമ്മ പുതുക്കൽ ...

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ടൂർ പോവുക എന്നത് ഒരു  അനാവശ്യ ചെലവ് പോലെ  വീട്ടിൽ കരുതിയിരുന്നു.. (കുരുവോളം  വെണ്ണയുണ്ട്.. കുരു പൊറുക്കുകയും വേണം വെണ്ണ  ശേഷിക്കുകയും വേണം എന്ന അമ്മച്ചിയുടെ  പതിവ് സിദ്ധാന്തം  ആകാം കാരണം )അതു  കൊണ്ടു തന്നെ സ്കൂൾ ജീവിത കാലത്ത് ഞങ്ങളുടെ presentaion convent  സ്കൂളിൽ നിന്നുള്ള പതിവ് tourist  spot  ആയ ഭരണങ്ങാനം അൽഫോൻസാമ്മയുടെകബറിടം💒💒  മാത്രം സന്ദർശിക്കാനുള്ള ഭാഗ്യമേ കിട്ടിയുള്ളൂ..😀പിന്നെ  നമ്മുടെ വെള്ളികുളങ്ങരയിലെ കോഴിമുട്ട പാറയും.⛰️⛰️പിന്നെ   KCSL ക്യാമ്പ് കൾക്ക് മുടങ്ങാതെ എല്ലാ വർഷവും  പോകും. അങ്ങനെ മൂലമറ്റത്തു ഒരു സ്റ്റേറ്റ് ക്യാമ്പും ഓർമയിൽ ഉണ്ട്.. ഊട്ടി, മൈസൂർ  3days ടൂർ എന്നും ഒരു കിട്ടാക്കനി ആയിരുന്നു.. പോയി  വരുന്നവർ കൊണ്ടു  വരുന്ന മഞ്ഞ പൂക്കൾ 🥀🥀🥀🥀എന്നും മോഹിച്ചു. (അതു കൊണ്ടാണ്  pinne ഊട്ടിയിൽ പോകുമ്പോൾ ആ മഞ്ഞ പൂക്കൾ വാങ്ങിയിരുന്നത് )അങ്ങനെ  അവസാനം ഡിഗ്രി അവസാന വർഷം  ആണ് ഊട്ടിക്ക് പോകാൻ വീട്ടിൽ നിന്ന് വിസ അടിച്ചത്.. classmates മിക്കവാറും പേരുണ്ട്..  കാത്തിരുന്നു..പോകേണ്ട ദിവസം ആയപ്പോൾ അപ്പച്ചന് അസുഖം..  അങ്ങനെ അതും മുടങ്ങി.. പിന്നീട് ഊട്ടി കാണാൻ ആദ്യമായ്  കഴിഞ്ഞത്  വല്യമ്മയുടെ കൂടെ പോയപ്പോളാണ്. 

വിവാഹ ശേഷവും  ടൂർ എന്ന് പറയാൻ വിരലിൽ എണ്ണാവുന്നതേ ഉണ്ടായിട്ടുള്ളൂ.. ആദ്യം കുട്ടികൾ  ചെറുത്, പിന്നെ  അവരുടെ പഠിപ്പ്, പരീക്ഷകൾ.. അങ്ങനെ കാരണങ്ങൾ  നിരവധി... (അതൊന്നും ഒരുകാരണം അല്ലെന്നു പിന്നീടാണ് മനസിലായത് ). എന്തായാലും കുറച്ചു വർഷങ്ങളായി ഒരു chance കിട്ടിയാൽ  കളയാറില്ല.. അങ്ങനെ ഒരു  അവസരം കിട്ടിയപ്പോൾ ആണ് 2019ജൂലൈ മാസത്തിൽ തായ്‌ലൻഡ് യാത്ര പോയത്.അദ്ധ്യാപക സംഘടന organise ചെയ്ത trip ആണ്..  പോകാതിരിക്കാൻ കുറെ കാര്യങ്ങൾ ഉണ്ടായെങ്കിലും നേരത്തെ പണം അടച്ച  കാരണം യാത്ര മാറ്റി വച്ചില്ല (അല്ലെങ്കിൽ പലപ്പോഴും family trips, staff  ടൂർസ്  ഒക്കെ planning  മാത്രമായി  അവസാനിക്കാറുണ്ട്... ).കൂടെ എന്റെ സുഹൃത്തു കവിതയും സാജിദയും ഉണ്ടായിരുന്നു  വളരെ നല്ല കുറെ ഓർമ്മകൾ...ആ യാത്ര നൽകി..... ഇനിയും ഇങ്ങനെ യുള്ള അവസരങ്ങൾ കളയില്ല എന്ന് അന്നേ കുറിച്ചു. എന്തയാലും ഈ covid ദിനങ്ങളിൽ ആ  യാത്രയുടെ ഒന്നാം വാർഷികം മനസിൽ കുറെ  നല്ല ഓർമ്മകൾ നിറയുന്നു.. savateeekkkaaaa.....(meaning....thannk you.. 🙏🙏🙏🙏🙏)ഇനി എപ്പോൾ എന്നറിയില്ല.. എന്നാലും നല്ല യാത്രകൾ നടത്താനാകും എന്ന  ശുഭ പ്രതീക്ഷയോടെ........... 🥰🥰🥰

Tuesday, December 31, 2019

  കെ .ആർ മീരയുടെ "ആരാച്ചാർ" എന്ന  പുസ്തകം   വായിക്കണം എന്ന ആഗ്രഹം തോന്നിയിട്ടു ഒരു പാട് നാളായി .കയ്യിൽ വന്നു പെട്ടിട്ടും കുറെ നാളുകളായി .
എങ്കിലും വായിക്കാൻ സാധിച്ചത്  2019  ന്റെ  അവസാനത്തിലാണ് . വയലാർ അവാർഡ്  നേടിയ ഈ കൃതി അവാർഡ്  കമ്മറ്റി അഭിപ്രായപെട്ടപോലെ
കാലത്തെ  അതിജീവിക്കുന്നതു   തന്നെ .ഈ നോവൽ വായിച്ച ദിവസങ്ങളിൽ തന്നെ ആണ് നിർഭയ കേസിൽ  പ്രതിയെ തൂക്കിലേറ്റാൻ ആരാച്ചാരെ തേടുന്നതായി വാർത്ത കണ്ടത് ..ഈ നോവലിൽ 22 വയസുകാരിയായ ചേതന എന്ന പെൺകുട്ടിയാണ് കേന്ദ്ര കഥാപാത്രം .ആരാച്ചാർ  കുടുംബത്തിൽ പെട്ട
അവൾക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ ആ തൊഴിൽ ഏറ്റെടുക്കേണ്ടി വരുന്നു .യതീന്ദ്രനാഥ്‌ ബാനർജി എന്ന ആളെ  തൂക്കിലേറ്റുക ആണ് അവൾക്കു ആദ്യമായി ലഭിച്ച ജോലി ആ ജോലി  നിർവഹിക്കുന്നത് വരെയുള്ള കുറച്ചു ദിവസങ്ങളാണ് കഥയുടെ കാലപരിധി ..ഇതിനിടക്ക്‌  ഭൂതകാലത്തെ  സംബന്ധിക്കുന്ന  പല സ്മരണകളും ചരിത്രകഥകളും  അവളുടെ മനസിലൂടെ കടന്നു പോകുന്നു .ആരാച്ചാർ മാരുടെ പാരമ്പര്യത്തെക്കുറിച്ചു പിതാവ് ഫണിഭൂഷൺ ഗൃദ്ധാമല്ലിക് അഭിമാനത്തോടെ സംസാരിക്കുന്നതു കേട്ടാണ് അവൾ വളർന്നത് .എങ്കിലും വളയിട്ട കൈകൾ കുരുക്ക്‌ തയ്യാറാക്കേണ്ടി  വരുമ്പോൾ അവൾ അനുഭവിക്കുന്ന വികാര വിക്ഷോഭങ്ങൾ...
                                                                                                ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ ആരാച്ചാർ തൊഴിൽ ഏറ്റെടുക്കാൻ തയ്യാറായപ്പോൾ അതിനെ വർത്തയാക്കാൻ ടീവി ചാനലുകാർ മത്സരിക്കുന്നു.ഇതിനിടെ സഞ്ജീവ്കുമാർ മിശ്ര എന്ന റിപോർട്ടറു മായുള്ള  അനുരാഗം.അയാളുടെ കച്ചവട മനസ്ഥിതി മനസ്സിലാക്കിയിട്ടും  ഹൃദയത്തിൽ എത്ര കുടുക്കിട്ടു മുറുകിയിട്ടും  അവൾക്കു തൂക്കിലേറ്റാൻ സാധിക്കുന്നില്ല .അവളുടെ വാക്കുകളിൽ ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിത ത്വം പ്രണയത്തിനേയുള്ളൂ ...കഴുത്തിലെ മൂന്നും നാലും കശേരുകൾക്കു ഇടക്ക് ഉറപ്പിച്ച കുടുക്ക് പോലെ ആണ് പ്രണയങ്ങൾ.ഒന്നുകിൽ  കുടുക്ക് മുറുകി ആൾ  മരിക്കും .ഇല്ലെങ്കിൽ കയർ പൊട്ടി രക്ഷപെടും.പക്ഷെ കയർ പൊട്ടിച്ചവർക്കും കഴുത്തിൽ നിന്ന് കുടുക്ക് ഒരിക്കലും ഊരികളായാൻ സാധിക്കില്ല.ആജീവാനന്ദം ശ്വാസം മുടി പിടഞ്ഞുകൊണ്ടിരിക്കും.....മരച്ചില്ലയിലിരുന്നു ഒരിക്കലെങ്കിലും പാട്ടു പാടിയ പക്ഷി കൂട്ടിലേക്ക് മടങ്ങാൻ മടിക്കുന്ന പോലെ അയാളെ വെറുക്കുബോഴും അവളുടെ ഹൃദയം അയാളെ ആഗ്രഹിച്ചു ചിലപ്പോഴൊക്കെ...ഒരു സ്വാന്തനത്തിനായി ..
                                                                               ചേതന വിവരിക്കുന്ന ചരിത്ര കഥകളിലെ ചില കഥാപാത്രങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾ അതിശക്തർ തന്നെ...
അന്നപൂർണ,ത്രൈലോക ദേവി തുടങ്ങിയവർ ...ഒരു വേശ്യ സ്ത്രീ ആണെങ്കിലും ത്രിലോകയുടെ  വാക്കുകൾ ."ഞങ്ങൾ ആഗ്രവാലി കൾ ശരീരം വിൽകാറില്ല റില്ല.ആത്മാവേ പങ്കുവക്കാറുള്ളൂ . ഇവിടെ നിന്നിറങ്ങുന്നഒരാൾ ഒരു പെണ്ണിനെ മനസ് കൊണ്ടോ ശരീരം കൊണ്ടോ വേദനിപ്പിക്കില്ല. "..ഇന്നത്തെ ഈ സമൂഹത്തിൽ ഉന്നാവ് ,ഡെൽഹി പോലെയുള്ള പീഡന പരമ്പരകൾ വായിക്കുമ്പോൾ തോന്നും ഈ നോവലിൽ പറയുന്ന പോലുള്ള സോനാഗച്ചി പോലുള്ള സ്ഥലങ്ങൾ (വേശ്യ ഗ്രാമം)ഉണ്ടാകട്ടെ ..ത്രിലോകദേവിയെ പോലെ ആത്മാവ് പങ്കു വക്കുന്ന സ്ത്രീകളും...

Tuesday, December 3, 2019


                           എന്റെ നൊസ്റ്റാൾജിയ പൂക്കൾ....                           
അദ്ധ്യാപക ജോലിയിൽ  പ്രവേശിച്ച ആദ്യനാളുകളിൽ കുറച്ചു കാലം ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതായി  വന്നിട്ടുണ്ട് .പാഠഭാഗത്തു "nostalgia " എന്ന വാക്ക് വന്നപ്പോൾ
ഗൃഹാതുരത്വം എന്ന മലയാളം അർഥം  പറഞ്ഞാൽ മനസിലാകുന്നവർ ചുരുക്കം ആയിരുന്നു .അതുകൊണ്ട് എന്റെ ഒരു നൊസ്റ്റാൾജിയ അവരോടു പറഞ്ഞു .ടീച്ചറുടെ ചെറുപ്പകാലത്തു ഓറഞ്ച് കലർന്ന ചുവപ്പു നിറത്തിൽ ഒരു  മിഠായി ഉണ്ടായിരുന്നു -തേൻ നിലാവ് - എന്ന പേരിൽ .കടിക്കുമ്പോൾ തേൻ പോലെ പഞ്ചസാര ലായനി വരും .ഇന്ന് കിട്ടുന്ന തേനിലാവിന് അത്ര രുചി ഇല്ല .എന്നിരുന്നാലും തേനിലാവ് കാണുമ്പോൾ എനിക്ക് പ്രൈമറി സ്കൂൾ കാലം ഓർമ വരും.അതാണ് നൊസ്റ്റാൾജിയ ഞാൻ പറഞ്ഞു അവസാനിപ്പിച്ചു .പിന്നീട് എപ്പോഴോ നൊസ്റ്റാൾജിയ അർഥം ചോദിച്ചപ്പോൾ ടീച്ചർക്ക് തേൻനിലാവ്  കാണുമ്പോൾ തോനുന്നത് എന്നാണ് പറഞ്ഞത് .(അല്ലെങ്കിലും പാഠ ഭാഗവുമായി ബന്ധപ്പെടുത്തി ഒരു ഉദാഹരണം പറഞ്ഞാൽ അതായിരിക്കും അവർ കൂടുതൽ ഓർത്തിരിക്കുക )
                                ഇന്നിപ്പോൾ കുറച്ചു ദിവസ്സം അമ്മയോടൊപ്പം സ്വന്തം വീട്ടിൽ ഒറ്റക് നിൽക്കാൻ സാധിച്ചപ്പോൾ മനസ്സിൽ നൊസ്റാൾജിയകളുടെ ഒരു തള്ളിക്കയറ്റമായിരുന്നു .   അമ്മയെ കൂടി പിടിച്ചു സിറ്റ് ഔട്ടിൽ ഇരുത്തി റോഡിലൂടെ പോകുന്ന ആൾക്കാരെ കാണുമ്പോൾ കാലം അവരിൽ വരുത്തിയ മാറ്റങ്ങൾ കാണുമ്പോൾ ആണ് ഇത്രയൊക്കെ വർഷങ്ങൾ കടന്നു പോയി എന്ന് തോന്നിയത് .സ്കൂളിൽ പഠിച്ച കവിതയിലെ  വരികളാണ് തിരക്കിട്ടു നടക്കുന്ന ആളുകളുടെ മുഖങ്ങൾ കണ്ടപ്പോൾ ആ ഓർമ്മ  വന്നത് ."ഇന്നലെയിവിടെ കുഞ്ഞി കാലടി അടയാളത്തിൽ പൂക്കളമെഴുതി ,ഇന്നവർ വാഴ്വിൻ വൻചുമടേറ്റി നടന്നീടുന്നു പാഴ്‌ചുവടൂന്നി....."(ഞാനും അങ്ങനെ തന്നെ...) എതിർവശത്തു വീട്ടിൽ  ഒരു ചെമ്പരത്തി  നിറയെ ചുവന്ന  പൂക്കളുമായി  മരം ആയി മാറിയിട്ടുണ്ടായി.കാലം അതിന്റെ സൗന്ദര്യം കൂട്ടിയിട്ട ഉള്ളൂ "ഓണനിലവിൻ  പുടവയുടുത്താൽ അമ്മക്കിന്നും പുതു ലാവണ്യം "എന്ന് ഭൂമിയ പറ്റിയുള്ള വരികൾ പോലെ...പല തരം പുതിയ ചെടികളും പൂക്കളും കാണാറുണ്ടെങ്കിലും എനിക്ക് നൊസ്റ്റാൾജിയ  തരുന്നത്‌ ചെമ്പകം ,ചുവന്ന നടൻ റോസ് ,പിങ്ക് നിറമുള്ള പനിനീർ റോസ് ,പച്ച നിറമുള്ള ലാങ്കി ലാങ്കി പൂക്കൾ ,മൂക്കു തുളയ്ക്കുന്ന ഗന്ധമുള്ള വാട്ടർമോഹിനി പൂക്കൾ (ചെണ്ട മുല്ല ),മജന്റ  നിറത്തിലുള്ള പത്തുമണി പൂക്കൾ  ,പാവം നാലുമണി പൂക്കൾ ഒക്കെ തന്നെ ..ശീമകൊന്നകളിലെ ഇളം  വയലറ്റ് നിറത്തിലുള്ള പൂക്കൾ കാണുമ്പോൾ ഒരു "ശവമടക്ക് " ആണ് ഓർമ്മ  വരിക.വീട്ടിൽ വളർത്തിയ ഒരു പൂച്ച ചത്ത് പോയപ്പോൾ ഞാനും ചേട്ടനും കൂടി അതിനെ കുഴിച്ചിട്ടു .നിറയെ ശീമക്കൊന്ന പൂക്കൾ വച്ച് ആ കുഴിമാടം ഞങ്ങൾ അലങ്കരിച്ചു ..കുരിശ് ആകൃതിയിൽ പൂക്കൾ വച്ച് പൂച്ചയുടെ ഏഴാം ചരമ ദിനവും  ആഘോഷിക്കാൻ ഞങ്ങൾ മറന്നില്ല..തിരിച്ചു കിട്ടാത്ത ആകുട്ടികാലത്തിന്റെ ഓർമ്മകളാണ് ശീമകൊന്നപ്പൂക്കൾ കാണുമ്പോൾ ഓടിയെത്തുക  ...............
                                       ഭാര്യയായ ശേഷം പ്രത്യേകിച്ച് അമ്മയായ ശേഷം എപ്പോഴും ഒരു ജോലി എടുക്കുമ്പോൾ ഇനി അടുത്ത് ചെയ്തു തീർക്കേണ്ട ജോലി ആയിരിക്കും മനസ്സിൽ (മിക്കവാറും സ്ത്രീകൾക്ക് വിവാഹശേഷം മക്കൾ കൂടി ആകുമ്പോൾ വന്നു ഭാവിക്കുന്ന ഒരു രോഗമാണ് ഇത് .പത്തിരുപത്  വർഷത്തിൽ അധികമായി  എനിക്കുള്ള രോഗം ). എന്നാൽ അമ്മയും ഞാനും മാത്രമുള്ള  ഈ ദിവസങ്ങൾ മനസ്സിൽ ഒത്തിരി സന്തോഷം നിറക്കുന്നു.ഒട്ടും തിരക്കില്ല.അലസമായി ഇരിക്കാം.ചിന്തകളിൽ  മുഴുകാം. വായിക്കാം കുറെ നാളായി എടുത്തിട്ടു വായിക്കാൻ പറ്റാതിരുന്ന  കെ.ആർ മീരയുടെ "ആരാച്ചാർ "കൂടി ആയപ്പോൾ നാടൻ  പൂക്കളോടൊപ്പം ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ചേതന പറയുന്ന (മീരയുടെ കഥാപാത്രം) അപരാജിത പൂക്കളും നീൽലോതകളും മനസ്സിൽ പടർന്നു.ചേതനയുടെ വാക്കുകൾ   കടമെടുത്താൽ "ഹൃദയം
മഴയിൽ നനഞ്ഞ താമരമൊട് പോലെ ക്ഷമാപൂർവമായ ഒരു കരപരിലാളനയാൽ വിടരാൻ വ്യഗ്രതപ്പെട്ടു ".  എന്റെ നൊസ്റ്റാൾജിയ പൂക്കൾ മനസ്സിൽ നിറഞ്ഞപ്പോൾ വെറും അഞ്ചു ദിവസം കൊണ്ടാണെങ്കിലും വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്റെ കവിളുകളിലും   ഒരു നാടൻ  ചെമ്പനീർ പൂവിന്റെ ചുവപ്പുണ്ടായിരുന്നു മനസിൽ ഒരിക്കലും കാണാത്ത  അപരാജിത പൂക്കളുടെ സുഗന്ധവും............