Sunday, July 29, 2018


ഭാസ്കരൻ മാഷും വിഷമഭിന്നവും പിന്നെ സിസിലി ടീച്ചറും......................

ഞാൻ നാലാം ക്ലാസ് വരെ പഠിച്ച ഞങ്ങളുടെ കോടാലി ഗവൺമെൻറ് LP .സ്കൂൾ ഇന്ന് സംസ്ഥാന തലത്തിൽതന്നെ മികച്ച വിദ്യാലയമായി അറിയപ്പെടുന്നു .ഞങ്ങളുടെ സ്കൂളിൽ നിന്ന് അധ്യാപകരോടൊപ്പം ഈ വിദ്യാലയം സന്ദർശിക്കാൻ അവസരം കിട്ടി. വർഷങ്ങൾക്കു ശേഷം പൂർവവിദ്യാലയത്തിലേക്ക് ഏറെ സന്തോഷത്തോടെയാണ് ഞാൻ കടന്നു ചെന്നത്. ഇപ്പോഴത്തെ പ്രധാന അധ്യാപകൻ അവരുടെ വിജയത്തിന്റെ കഥകൾ ഞങ്ങളുമായി പങ്കുവച്ചു. ക്ലാസ് മുറികളിലൂടെ നടന്നപ്പോൾ അവിടെ പഠിച്ചിരുന്ന കാലത്തെ ഓർമ്മകൾ മനസിലേക്ക് ഓടി വന്നു. കുങ്കുമ വർണ്ണത്തിലുള്ള സാരിയുടുത്ത് ചെവിക്ക് അരികിൽ ചുവപ്പ് റോസപൂവ് കുത്തി വരുന്ന മേരി ടീച്ചർ, കറുത്ത റോസിലി ടീച്ചർ, വെളുത്ത റോസിലി ടീച്ചർ, രാമൻ മാഷ്, ശ്രീധരൻ മാഷ്, കോഴിയമ്മയുടെ പാഠം ഉള്ള രണ്ടാം ക്ലാസ് പാഠ പുസ്തകം, നാലാം ക്ലാസിലെ ഓണക്കളി പാട്ടുകൾ (ഒന്നാം  പൂക്കളത്തിൽ വളയിട്ട പെണ്ണേ ....,അയ്യപ്പൻ പുലിപ്പാലിന് പോയ കഥ ...തുടങ്ങി കൈകൊട്ടിക്കളിയുടെ  പാട്ടുകൾ ),ഉച്ചഭക്ഷണം കഴിഞ്ഞ് ചോറു പാത്രം കഴുകാൻ കിണറിനടുത്ത് നടക്കുന്ന ചോറ്റു പാത്ര യുദ്ധങ്ങൾ, ആൽമരത്തണലിൽ ഏമാ ടാസ് കളിക്കാൻ വരയ്ക്കുന്ന കളങ്ങൾ, പെൻസിൽ കഷണങ്ങൾ കൊടുത്തു വാങ്ങുന്ന സ്ലേറ്റ് മായക്കാനുള്ള കള്ളിച്ചെടിയുടെ കഷണങ്ങൾ  എല്ലാം പച്ചപ്പ്‌ വിടാതെ മനസ്സിൽ ഓടിയെത്തി(സ്ലേറ്റ് മാക്കുന്ന പോലെ മനസ് മാക്കാവുന്ന കള്ളി ചെടികൾ ഉണ്ടോ  ആവോ ) .പിന്നെ അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാങ്ങാറുള്ള വെളുത്ത ചെമ്പക പൂക്കൾ, കുട്ടികൾ തരാറുള്ള പച്ച നിറമുള്ള മാദക ഗന്ധമുള്ള ലാങ്കി ലാങ്കി പൂക്കൾ ,മൂക്കു തുളച്ചുകയുന്ന തീവ്ര ഗന്ധമുള്ള വെളുത്ത വാട്ടർ മോഹിനി പൂക്കൾ (ആരാണാവോ ആ പൂവിന് ഈ പേര് നൽകിയത് ) ഇങ്ങനെ ചില പൂ ഓർമകളുടെ ഗന്ധവും മനസിൽ നിറഞ്ഞു . നാലാം  ക്ലാസ് പഠിച്ച ക്ലാസ് റൂം കണ്ടപ്പോഴാണ് ഭാസ്കരൻ മാഷും വിഷമഭിന്നവും പിന്നെ സിസിലി ടീച്ചറും ഓർമയിൽ തെളിഞ്ഞത്.കണക്കു പഠിപ്പിച്ചിരുന്ന ഭാസ്കരൻ മാഷുടെ പാരഗൺ ചെരിപ്പിന്റെ ഒച്ച ആ വരാന്തയിൽ അപ്പോഴും കേൾക്കുന്നതായി എനിക്ക് തോന്നി .നാലാം ക്ലാസിൽ ആയിരുന്നു ഭിന്ന സംഖ്യകൾ ആദ്യമായി പഠിക്കാനുള്ളത്. മിശ്രഭിന്നവും വിഷമഭിന്നവും ഒരു പാട് വിഷമിപ്പിച്ചു.ഭാസ്കരൻ മാഷ് കണക്ക് ചോദ്യം തന്നിട്ട് അപ്പുറത്തെ നാലാം ക്ലാസിലെ സിസിലി ടീച്ചറോട് വർത്തമാനം പറയാൻ പോകും.വെള്ളയിൽ ചുവന്ന പൂക്കളുള്ള ഷിഫോൺ സാരിയും ചുവന്ന ബ്ലൗസും ഇട്ടു വരുന്ന സുന്ദരി സിസിലി ടീ ച്ചറും ഭാസ്കരൻ മാഷും തമ്മിൽ

'ഡിങ്കോലാഫി' എന്നൊക്കെ കുട്ടികൾ പറയാറുണ്ട്. ടീച്ചറുടെ ക്ലാസിലെ കുട്ടികളെ കളിക്കാൻ വിട്ട് രണ്ടു പേരും അവിടെ വർത്തമാനം പറഞ്ഞിരിക്കും. ഞങ്ങൾ ആ സമയം ആ ക്ലാസിലെ കുട്ടികൾ കളിക്കുന്നതും നോക്കി വിഷമഭിന്നവും മിശ്ര ഭിന്നവുമായി അങ്കം വെട്ടി വിഷമിച്ചിരിക്കും. ഇടയ്ക്ക് ആകാംക്ഷ സഹിക്ക വയ്യാതെ ചിലർ മാഷും ടീച്ചറും സംസാരിക്കുന്നത് ജനലിലൂടെ എത്തി നോക്കും. ഇടയ്ക്ക് ടീച്ചർ കരയുന്നതും  കാണാം. എന്തിനാണാവോ ടീച്ചർ കരഞ്ഞിരുന്നത്. അന്നത്തെ നാലാം ക്ലാസ് ബുദ്ധിയിൽ അത് മനസിലായിരുന്നില്ല.സിസിലി ടീച്ചറുടെ കരഞ്ഞു ചുവന്ന മുഖവും കാണാൻ നല്ല ഭംഗി ആയിരുന്നു .എൽ.പി. ക്ലാസിലെ മധുരിക്കും ഓർമകളുമായി ഞാൻ സഹ അധ്യാപകരോടൊപ്പം തിരിച്ചുപോന്നു.....................................................................

 

 Image result for images white flowers of fragrance green chembakamImage result for images flowers of fragrance chembakamImage result for images flowers of fragrance chembakam

 

 

 

 

 

 

 

 

 

 

 

 

 


 

No comments:

Post a Comment