Wednesday, November 28, 2018

സദാചാര പോലീസ്...... കഴിഞ്ഞ ദിവസം ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു. പ്രണയിച്ച് വിവാഹത്തിലേക്ക് എത്തിപ്പെട്ടവരാണ്. എല്ലാം കൊണ്ടും ചേരുന്ന ജോഡികൾ... എന്നിരുന്നാലും സ്വയം കണ്ടെത്തിയതിന്റെ ചെറിയ ഒരു ഇഷ്ടക്കേട് വീട്ടുകാർക്കുണ്ട്. സത്യത്തിൽ എനിക്ക് ഈ ന്യൂ ജനറേഷനോട് അസൂയ തോന്നി. അവർ ഏത് കാര്യവും നൂറു ശതമാനം ഇഷ്ടത്തോടെ ചെയ്യുന്നു. മറ്റുള്ളവർക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ നഷ്ടപ്പെടുത്താൻ തയ്യാറില്ല.എന്നാൽ ഞങ്ങളുടെ തലമുറയോ ചെറുപ്പം മുതലേ പ്രണയിക്കുന്നത് വലിയ ഒരു തെറ്റാണെന്ന തോന്നലിലാണ് വളർന്നു വന്നത്. പ്രണയിച്ച് വിവാഹം കഴിച്ചവരെപ്പറ്റി വീട്ടുകാർ പുച്ഛത്തോടെ സംസാരിക്കുന്നത് കേട്ട് ഒരു 'സദാചാര പോലീസ് 'ഞങ്ങളുടെ ഉള്ളിലും ഉണ്ടായി. അതു കൊണ്ട് തന്നെ പ്രണയത്തിന്റെ ഒരു  മഴക്കാറു കാണുമ്പോഴേക്കും 'സദാചാരകുട' നിവർത്താൻ തുടങ്ങും . ഇന്നത്തെ പ്രണയജോഡികൾ വാട്ട്സ്ആപ്പിൽ സുപ്രഭാതം മുതൽ ശുഭരാത്രി വരെ പ്രണയം തുളുമ്പുന്ന സന്ദേശങ്ങളും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളും  കൊണ്ട്  പ്രണയം കൈമാറുമ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ പ്രണയമുണ്ടായിരുന്ന ഒരുത്തി ഒരു തുണ്ട് കഷണം കടലാസ് കൈമാറാൻ കഴിച്ചിരുന്ന കഷ്ടപ്പാട് ഞാൻ ആലോചിക്കും.ഇന്ന് പ്രണയമയീ രാധ... എന്ന പാട്ട് കേട്ട് കേൾക്കുമ്പോൾ അവളെയാണ് ഓർമ്മ വരിക. അവൾ കൃഷ്ണന്റെ രാധ തന്നെയായിരുന്നു.പക്ഷെ അതൊക്കെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വർഷങ്ങൾക്കു ശേഷം അവളോട് സംസാരിച്ചപ്പോൾ അവനിപ്പോൾ എവിടെ ആണെന്നറിയാൻ ഉള്ളാലെ മോഹമുണ്ടെന്ന് തോന്നി. അതെന്നോട് പറഞ്ഞു വന്നപ്പോഴേയ്ക്കും അവളിലെ സദാചാര പോലീസ് ഉണർന്നു.പെട്ടെന്ന് വിഷയം മക്കൾ,പഠിപ്പ് തുടങ്ങിയ പരിദേവനങ്ങളായി. അവളുടെ സദാചാരത്തിന് കോട്ടം തട്ടെണ്ടെന്ന് കരുതി പറയാൻ വന്നത് ഞാനും വിഴുങ്ങി. അന്നത്തെ കാലത്ത്ചില ഇഷ്ടങ്ങൾ അറിയിക്കാൻ ആകെ ഒരു  മാർഗം വർഷത്തിലൊരിക്കൽ വാങ്ങുന്ന ന്യൂ ഇയർ കാർഡിലെ വാചകങ്ങളാണ്. ബിരുദ പഠനത്തിന്   ശേഷം കമ്പ്യൂട്ടർ പഠിക്കുമ്പോൾ  ഗ്രീറ്റിങ്ങ് കാർഡ് വാങ്ങാൻ പോയപ്പോൾ "only your  software works on my hard ware" എന്ന വാചകം എഴുതിയ കാർഡ് കണ്ണിൽ ഉടക്കി.മാനം കാണിക്കാതെ പുസ്തകതാളിൽ ഒളിപ്പിച്ചു വച്ച മയിൽ പീലി പോലെ മനസിൽ തോന്നിയ ഒരു ഇഷ്ടം  സദാചാരം ലംഘിക്കപ്പെടാതെ  അവതരിപ്പിക്കാൻ പറ്റിയ കാർഡ് .അത് വാങ്ങി.പക്ഷെ അയക്കാൻ മനസിലെ "സദാചാര പോലീസ്" സമ്മതിച്ചില്ല. ഈയിടെ പഴയ ഒരു സുഹൃത്തിനോട് വാട്ട്സ്ആപ്പിൽ സംസാരിച്ചപ്പോൾ അവൾ പറഞ്ഞു. നമ്മളെയൊക്കെ ഒതുക്കി കൂട്ടി വളർത്തി. ഒന്നു പ്രേമിക്കാൻ സാധിക്കാഞ്ഞത് തീരാ നഷ്ടമായി അല്ലെ എന്ന്. അൽപം തമാശയിൽ "ഇപ്പോഴും ആകാം ട്ടാ...." എന്ന് അവളോട് പറഞ്ഞു.ശാരദക്കുട്ടി ടീച്ചർ ഫേസ് ബുക്കിൽ എഴുതിയ വാചകം കൂട്ടി ചേർത്തു. ഡ്യുവൽ സിം, ഡ്യുവൽ ഗ്യാസ് കണക്ഷൻ, രണ്ട് വാഹനം, രണ്ട് ജോലി ഇതൊക്കെ ആകാം .... ഡ്യുവൽ പ്രണയം മാത്രം പാടില്ല. ജീവിത പങ്കാളിയോടൊപ്പം ഒന്നോ രണ്ടോ പ്രണയം കൂടി ആയാൽ എന്താ തകരാറ്? (ശാരദക്കുട്ടിടീച്ചറുടെ  വാക്കുകളാണ്) സോഷ്യൽ മീഡിയയിൽ അവർക്ക് ഇതിന്റെ പേരിൽ കിട്ടിയ തെറി വിളികൾക്ക് കണക്കില്ല.മലയാളിക്ക് "സദാചാരബോധം " കൂടുതൽ ആണല്ലൊ.  ഞങ്ങൾക്ക് ഇതൊക്കെ വായിക്കുമ്പോൾ അവരോട് ഇഷ്ടം തോന്നിയാലും ഉടൻ തന്നെ മനസിലെ സദാചാര പോലീസ് കേസ് ചാർജ് ചെയ്യും. ഞങ്ങൾ നല്ല നടപ്പുകാരാകും.ടീച്ചർ പറഞ്ഞ പോലെചെറുപ്പത്തിൽ  മാതാപിതാക്കൾക്ക് വേണ്ടിയും പിന്നീട് കുട്ടികൾക്ക് വേണ്ടിയും സ്വന്തം ഇഷ്ടങ്ങളും സ്വാതന്ത്ര്യവും ഉപേക്ഷിച്ചവരാണ് ഞങ്ങളുടെ തലമുറയിലെ സ്ത്രീകൾ...... സദാചാര പോലീസിനെ ഉള്ളിൽ പ്രതിഷ്ഠിച്ചവർ.....😎..GISHA

No comments:

Post a Comment