എന്റെ നൊസ്റ്റാൾജിയ പൂക്കൾ....
അദ്ധ്യാപക ജോലിയിൽ പ്രവേശിച്ച ആദ്യനാളുകളിൽ കുറച്ചു കാലം ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതായി വന്നിട്ടുണ്ട് .പാഠഭാഗത്തു "nostalgia " എന്ന വാക്ക് വന്നപ്പോൾ ഗൃഹാതുരത്വം എന്ന മലയാളം അർഥം പറഞ്ഞാൽ മനസിലാകുന്നവർ ചുരുക്കം ആയിരുന്നു .അതുകൊണ്ട് എന്റെ ഒരു നൊസ്റ്റാൾജിയ അവരോടു പറഞ്ഞു .ടീച്ചറുടെ ചെറുപ്പകാലത്തു ഓറഞ്ച് കലർന്ന ചുവപ്പു നിറത്തിൽ ഒരു മിഠായി ഉണ്ടായിരുന്നു -തേൻ നിലാവ് - എന്ന പേരിൽ .കടിക്കുമ്പോൾ തേൻ പോലെ പഞ്ചസാര ലായനി വരും .ഇന്ന് കിട്ടുന്ന തേനിലാവിന് അത്ര രുചി ഇല്ല .എന്നിരുന്നാലും തേനിലാവ് കാണുമ്പോൾ എനിക്ക് പ്രൈമറി സ്കൂൾ കാലം ഓർമ വരും.അതാണ് നൊസ്റ്റാൾജിയ ഞാൻ പറഞ്ഞു അവസാനിപ്പിച്ചു .പിന്നീട് എപ്പോഴോ നൊസ്റ്റാൾജിയ അർഥം ചോദിച്ചപ്പോൾ ടീച്ചർക്ക് തേൻനിലാവ് കാണുമ്പോൾ തോനുന്നത് എന്നാണ് പറഞ്ഞത് .(അല്ലെങ്കിലും പാഠ ഭാഗവുമായി ബന്ധപ്പെടുത്തി ഒരു ഉദാഹരണം പറഞ്ഞാൽ അതായിരിക്കും അവർ കൂടുതൽ ഓർത്തിരിക്കുക )
ഇന്നിപ്പോൾ കുറച്ചു ദിവസ്സം അമ്മയോടൊപ്പം സ്വന്തം വീട്ടിൽ ഒറ്റക് നിൽക്കാൻ സാധിച്ചപ്പോൾ മനസ്സിൽ നൊസ്റാൾജിയകളുടെ ഒരു തള്ളിക്കയറ്റമായിരുന്നു . അമ്മയെ കൂടി പിടിച്ചു സിറ്റ് ഔട്ടിൽ ഇരുത്തി റോഡിലൂടെ പോകുന്ന ആൾക്കാരെ കാണുമ്പോൾ കാലം അവരിൽ വരുത്തിയ മാറ്റങ്ങൾ കാണുമ്പോൾ ആണ് ഇത്രയൊക്കെ വർഷങ്ങൾ കടന്നു പോയി എന്ന് തോന്നിയത് .സ്കൂളിൽ പഠിച്ച കവിതയിലെ വരികളാണ് തിരക്കിട്ടു നടക്കുന്ന ആളുകളുടെ മുഖങ്ങൾ കണ്ടപ്പോൾ ആ ഓർമ്മ വന്നത് ."ഇന്നലെയിവിടെ കുഞ്ഞി കാലടി അടയാളത്തിൽ പൂക്കളമെഴുതി ,ഇന്നവർ വാഴ്വിൻ വൻചുമടേറ്റി നടന്നീടുന്നു പാഴ്‌ചുവടൂന്നി....."(ഞാനും അങ്ങനെ തന്നെ...) എതിർവശത്തു വീട്ടിൽ ഒരു ചെമ്പരത്തി നിറയെ ചുവന്ന പൂക്കളുമായി മരം ആയി മാറിയിട്ടുണ്ടായി.കാലം അതിന്റെ സൗന്ദര്യം കൂട്ടിയിട്ട ഉള്ളൂ "ഓണനിലവിൻ പുടവയുടുത്താൽ അമ്മക്കിന്നും പുതു ലാവണ്യം "എന്ന് ഭൂമിയ പറ്റിയുള്ള വരികൾ പോലെ...പല തരം പുതിയ ചെടികളും പൂക്കളും കാണാറുണ്ടെങ്കിലും എനിക്ക് നൊസ്റ്റാൾജിയ തരുന്നത് ചെമ്പകം ,ചുവന്ന നടൻ റോസ് ,പിങ്ക് നിറമുള്ള പനിനീർ റോസ് ,പച്ച നിറമുള്ള ലാങ്കി ലാങ്കി പൂക്കൾ ,മൂക്കു തുളയ്ക്കുന്ന ഗന്ധമുള്ള വാട്ടർമോഹിനി പൂക്കൾ (ചെണ്ട മുല്ല ),മജന്റ നിറത്തിലുള്ള പത്തുമണി പൂക്കൾ ,പാവം നാലുമണി പൂക്കൾ ഒക്കെ തന്നെ ..ശീമകൊന്നകളിലെ ഇളം വയലറ്റ് നിറത്തിലുള്ള പൂക്കൾ കാണുമ്പോൾ ഒരു "ശവമടക്ക് " ആണ് ഓർമ്മ വരിക.വീട്ടിൽ വളർത്തിയ ഒരു പൂച്ച ചത്ത് പോയപ്പോൾ ഞാനും ചേട്ടനും കൂടി അതിനെ കുഴിച്ചിട്ടു .നിറയെ ശീമക്കൊന്ന പൂക്കൾ വച്ച് ആ കുഴിമാടം ഞങ്ങൾ അലങ്കരിച്ചു ..കുരിശ് ആകൃതിയിൽ പൂക്കൾ വച്ച് പൂച്ചയുടെ ഏഴാം ചരമ ദിനവും ആഘോഷിക്കാൻ ഞങ്ങൾ മറന്നില്ല..തിരിച്ചു കിട്ടാത്ത ആകുട്ടികാലത്തിന്റെ ഓർമ്മകളാണ് ശീമകൊന്നപ്പൂക്കൾ കാണുമ്പോൾ ഓടിയെത്തുക ...............
ഭാര്യയായ ശേഷം പ്രത്യേകിച്ച് അമ്മയായ ശേഷം എപ്പോഴും ഒരു ജോലി എടുക്കുമ്പോൾ ഇനി അടുത്ത് ചെയ്തു തീർക്കേണ്ട ജോലി ആയിരിക്കും മനസ്സിൽ (മിക്കവാറും സ്ത്രീകൾക്ക് വിവാഹശേഷം മക്കൾ കൂടി ആകുമ്പോൾ വന്നു ഭാവിക്കുന്ന ഒരു രോഗമാണ് ഇത് .പത്തിരുപത് വർഷത്തിൽ അധികമായി എനിക്കുള്ള രോഗം ). എന്നാൽ അമ്മയും ഞാനും മാത്രമുള്ള ഈ ദിവസങ്ങൾ മനസ്സിൽ ഒത്തിരി സന്തോഷം നിറക്കുന്നു.ഒട്ടും തിരക്കില്ല.അലസമായി ഇരിക്കാം.ചിന്തകളിൽ മുഴുകാം. വായിക്കാം കുറെ നാളായി എടുത്തിട്ടു വായിക്കാൻ പറ്റാതിരുന്ന കെ.ആർ മീരയുടെ "ആരാച്ചാർ "കൂടി ആയപ്പോൾ നാടൻ പൂക്കളോടൊപ്പം ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ചേതന പറയുന്ന (മീരയുടെ കഥാപാത്രം) അപരാജിത പൂക്കളും നീൽലോതകളും മനസ്സിൽ പടർന്നു.ചേതനയുടെ വാക്കുകൾ കടമെടുത്താൽ "ഹൃദയം
മഴയിൽ നനഞ്ഞ താമരമൊട് പോലെ ക്ഷമാപൂർവമായ ഒരു കരപരിലാളനയാൽ വിടരാൻ വ്യഗ്രതപ്പെട്ടു ". എന്റെ നൊസ്റ്റാൾജിയ പൂക്കൾ മനസ്സിൽ നിറഞ്ഞപ്പോൾ വെറും അഞ്ചു ദിവസം കൊണ്ടാണെങ്കിലും വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്റെ കവിളുകളിലും ഒരു നാടൻ ചെമ്പനീർ പൂവിന്റെ ചുവപ്പുണ്ടായിരുന്നു മനസിൽ ഒരിക്കലും കാണാത്ത അപരാജിത പൂക്കളുടെ സുഗന്ധവും............
No comments:
Post a Comment